കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിനോട് ചേർന്നുള്ള കാട് മൂടിയ ഭാഗം ചാടി ക്കടക്കുന്നതിനിടെ പാമ്പു കടിയേറ്റതാണെന്ന് അറിയാതെ മുറിവിൽ മരുന്നുവച്ച് കെട്ടി ആശുപത്രി വിട്ട യുവാവ് ഗുരുതരാവസ്ഥയിൽ. നെടുങ്ങോലം സ്വദേശിയായ 30 വയസ്സ്കാരനാണ് വീണ് കാൽമുട്ടിന് പരിക്കേറ്റത്.
ഇയാളെ ഉടൻ സമീപത്തെ ആശുപത്രയിലെത്തിച്ച് മരുന്നുവച്ച് കിട്ടിയെങ്കിലും പിന്നീട് അസഹ്യമായ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ യുവാവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവിന് സമീപം പ്രത്യക്ഷപ്പെട്ട കുമിളകളും കൺപോളകൾ പരിശോധിച്ചതിൽ തോന്നിയ അസ്വാഭാവികതയും കണക്കിലെടുത്ത് ക്വാഷ്വാലിറ്റി ഡോക്ടർ വിഷബാധയുടെ ലക്ഷണങ്ങൾ സംശയിച്ചു.
ഡോക്ടറുടെ സംശയത്തെ തുടർന്ന് സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റതായി സ്ഥിരീകരിച്ചു. വീഴ്ചയ്ക്കിടയിൽ പാമ്പുകടിയേറ്റ താകാമെന്നാണ് കരുതുന്നത്. സ്വകാര്യ ആശുപത്രിയിൽ വച്ച് നേരിയ ഡോസിൽ ആന്റിവെനം കുത്തിവച്ചതിനാലാണ് യുവാവിന്റെ ജീവൻ നിലനിൽക്കാൻ സഹായകമായത്.