സംസ്ഥാനത്തെ സ്ത്രീധന പീഡനക്കേസുകളിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ‘സമൂഹം പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്. പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും, ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താനും സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും’ സതീദേവി പറഞ്ഞു.
സ്ത്രീധനത്തെ നിയമം കൊണ്ട്മാത്രം നിരോധിക്കാൻ കഴിയില്ല. വിവാഹ ശേഷം ഭാര്യാ ഭർത്താക്കന്മാർ ക്കിടയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നൽകുന്നത്. മർദനം ഉൾപ്പെടെ സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് പെൺ കുട്ടികളുടെ ജീവിതം താറുമാറാക്കുമെന്നും പൊരുത്തപ്പെടാൻ കഴിയാതെ പെൺ കുട്ടികൾ ആത്മ ഹത്യയിലേക്ക് തിരിയുന്നത് ആശങ്കാ ജനകമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയായ സതീദേവി. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിന് പെണ്‍ കുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീ ശാക്തീകരണം പൂര്‍ണമാകുകയുള്ളൂ എന്നും വനിതാ കമ്മിഷൻ അധ്യക്ഷ സതീദേവി അഭിപ്രായപ്പെട്ടു