കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള മുന്നോടിയായി ചെന്നൈ-കൊല്ലം പാതയിൽ ചെങ്കോട്ട-പുനലൂർ റൂട്ടിൽ ഓടുന്ന ട്രെയിനുകളിലെ ട്രയൽ റൺ നടത്തി. ട്രയൽ നടത്തിയത് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (RDS) ലഖ്നോവിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് .ട്രയൽ റൺ പൂർത്തിയായാൽ ഉദ്യോഗസ്ഥർ ദക്ഷിണ റെയിൽവേ ആസ്ഥാനമായ ചെന്നൈയിൽ റിപ്പോർട്ട് സമർപ്പിക്കും. സാങ്കേതികവിഭാഗത്തിന്റെ പരിശോധനക്കുശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കോച്ചുകൾ കൂട്ടാൻ അനുമതി ലഭിക്കുക.
ഇരുപത്തിമൂന്ന് കോച്ചുകൾ ഉള്ള ട്രെയിൻ റേക്ക് ഉപയോഗിച്ചാണ് 30 കിലോമീറ്റർ വേഗത്തിൽ പരീക്ഷണങ്ങൾ നടത്തിയത്. ട്രയൽ റൺ വിജയിച്ചാൽ എത്ര കോച്ചുകൾ ഉള്ള റേക്കാണ് ഓടിക്കുന്നതെന്ന് ആർ.ഡി.എസ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റെയിൽവേ തീരുമാനിക്കുക.
നിലവിൽ ഇതുവഴി കടന്നു പോകുന്ന പാലരുവി, വേളാങ്കണ്ണി, എഗ്മോർ അടക്കമുള്ള ട്രെയിനുകളിൽ യാത്രക്കാർക്ക് മതിയായ നിലയിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. കോച്ചുകളുടെ എണ്ണം വർധിപ്പിച്ചാലേ കൂടുതൽ യാത്രക്കാരുമായി വിജയകരമായി കുടതൽ ദീർഘദൂര സർവിസുകൾ ഇതുവഴി നടത്താൻ സാധിക്കുകയുള്ളൂ.