കൊല്ലം: പറമ്പിലെ പുല്ലിനും ചപ്പുചവറുകൾക്കും തീയിടുന്നതിനിടെ ദേഹത്ത് തീപടർന്ന് മധ്യവയസ്കൻ മരിച്ചു. കാവനാട് കഞ്ഞിമേൽശേരി സ്വദേശി ദയാനിധി ഷാൻ ആണ് മരിച്ചത്. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിലാണ് ദാരുണമായ സംഭവം നടന്നത്.
കല്ലുവെട്ടാംകുഴിയിലുള്ള വാടകവീടും പരിസരവും വൃത്തിയാക്കാനെത്തിയതായിരുന്നു ഷാൻ. പറമ്പിലെ പുല്ലും ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു. തീയണയ്ക്കാൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുമ്പ് പുകയും ചൂടുമേറ്റ് ഷാൻ കുഴഞ്ഞുവീണു. തുടർന്ന് ശരീരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു.
ഷാനിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.






