കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു.
ചൊവ്വാഴ്ച വൈകിട്ട് ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള വാർഡിലാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെഡിൽ കിടക്കുകയായിരുന്ന യുവാവ് വശത്തേക്ക് തിരിഞ്ഞ് കിടന്നതുകൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സിമന്റ് പാളികൾ വീണ് ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റു. കാലപ്പഴക്കം ചെന്ന ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. സംഭവത്തെത്തുടർന്ന് ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.






