അഞ്ചൽ: വാഹനങ്ങളുടെ അമിതവേഗവും സിഗ്നൽ ലൈറ്റുകളുടെ അഭാവവും അഞ്ചൽ ബൈപ്പാസിനെ അപകടമേഖലയാക്കി മാറ്റുന്നു. സിഗ്നൽ സംവിധാനങ്ങൾ കാര്യക്ഷമല്ലാത്തതും നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാരണം ഇവിടെ അപകടങ്ങൾ വർധിച്ചുവരികയാണ്. ഒരാഴ്ചയ്ക്കിടെ മാത്രം നാല് അപകടങ്ങളാണ് ബൈപ്പാസിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സിഗ്നൽ ലംഘിച്ചെത്തിയ വാഹനം കാറിലിടിച്ച് അപകടമുണ്ടായിരുന്നു.
കോളറ പാലത്തിന് സമീപം നേരത്തെ ഉണ്ടായ അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. കൂടാതെ, റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒരു സ്ത്രീക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഒന്നര കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ബൈപ്പാസിൽ പലയിടത്തും സൗരോർജ്ജ വിളക്കുകളും കൈവരികളും വാഹനങ്ങൾ ഇടിച്ചുതകർത്ത നിലയിലാണ്. ബൈപ്പാസ് തുടങ്ങുന്ന സ്ഥലം, ഗണപതി ക്ഷേത്ര പരിസരം, ചീപ്പുവയൽ എന്നിവിടങ്ങളിലെല്ലാം തകർന്ന കൈവരികൾ നീക്കം ചെയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.
ബൈപ്പാസിലെ സിഗ്നൽ ലൈറ്റുകൾ ഭൂരിഭാഗവും പ്രവർത്തിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. സ്വകാര്യ സ്കൂളിന് മുന്നിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ അത് പ്രവർത്തന സജ്ജമാക്കിയിട്ടില്ല. രണ്ട് ജങ്ഷനുകളും മൂന്ന് ഇടറോഡുകളും വന്നുചേരുന്ന ബൈപ്പാസിൽ പാതകൾ സംഗമിക്കുന്ന ഇടങ്ങളിലാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്. മൂന്ന് റോഡുകൾ ഒത്തുചേരുന്ന കോളറ പാലത്തിന് സമീപം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്.






