ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗിനായി രോഗികൾക്ക് ഒന്നരമാസം വരെ കാത്തിരിക്കേണ്ടി വരുന്നതായി പരാതി. അടിയന്തര സ്കാനിംഗുകൾ മാത്രമാണ് അന്നന്ന് നടത്തുന്നത്. മറ്റുള്ളവർക്ക് ഒന്നരമാസം കഴിഞ്ഞുള്ള തീയതിയാണ് ലഭിക്കുന്നത്. വേണ്ടത്ര റേഡിയോളജിസ്റ്റുകൾ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മൂന്നു മാസമായി ഇതാണ് സ്ഥിതി.
നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെ ഒരൊറ്റ തസ്തിക മാത്രമാണുള്ളത്. സ്കാനിംഗ് വൈകുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നപ്പോൾ റേഡിയോളജി ബിരുദമുള്ള കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ നിയോഗിച്ചിരുന്നു. എന്നാൽ ഇവർ അവധിയിൽ പോയതോടെ കാര്യങ്ങൾ വീണ്ടും അവതാളത്തിലായി.
രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും, ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെയും മാത്രമാണ് സ്കാനിംഗ് നടക്കുന്നത്. ഇതിനിടയിൽ അടിയന്തര സ്കാനിംഗുകൾക്ക് മുൻഗണന നൽകുന്നതോടെ നേരത്തെ സമയം നിശ്ചയിച്ച് എത്തുന്ന പലർക്കും നിരാശരായി മടങ്ങേണ്ടി വരുന്നു. തിരക്ക് എത്രയുണ്ടെങ്കിലും വൈകിട്ട് നാലിന് സ്കാനിംഗ് അവസാനിപ്പിക്കുന്നതും രോഗികളെ വലയ്ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലേക്കുള്ള റഫറൻസിന് ഇ.എസ്.ഐ കോർപ്പറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി.
റേഡിയോളജിസ്റ്റ് അവധിയുള്ള ദിവസങ്ങളിൽ മാത്രമാണ് പുറത്തേക്ക് റഫർ ചെയ്യുന്നത്. അല്ലാത്തപ്പോൾ തിരക്കേറിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ ആണ് പറഞ്ഞുവിടുന്നത്.
രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ ദിവസേന 50-60 സ്കാനിംഗുകൾ നടന്നിരുന്നത് ഇപ്പോൾ 20-25 ആയി ചുരുങ്ങി. തൊഴിലാളികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപ്പേർ ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഈ ദുരിതം. പ്രശ്നപരിഹാരത്തിന് പകരം സംവിധാനം ആലോചിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.






